Students can use Class 9 Malayalam Kerala Padavali Notes സുകൃതഹാരങ്ങൾ Sukruthaharangal Summary in Malayalam to grasp the key points of a lengthy text.
Class 9 Malayalam Sukruthaharangal Summary
സുകൃതഹാരങ്ങൾ Summary in Malayalam
ആമുഖം
മാറുന്ന കാലത്തിന്റെ ഗതിഭേദങ്ങളോട് നിരന്തരം സംവദിച്ച കവിയാണ് കുമാരനാശാൻ. 1922-ൽ ദുരവസ്ഥയ്ക്ക് പിന്നാലെ പ്രസിദ്ധീകരിച്ച ഗാന കാവ്യമാണ് ചണ്ഡാലഭിക്ഷുകി. മറ്റൊരർഥത്തിൽ കേരളത്തിലെ ആദ്യത്തെ കഥാകാവ്യം എന്ന് അതിനെ വിളിക്കാവുന്നതുമാണ്. ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും മലയാളിയുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. അടിസ്ഥാനപരമായി മനുഷ്യരെല്ലാം ഒന്നാകണമെന്നും ഒരേ ഉദരത്തിൽ നിന്നും പിറന്ന സന്തതികൾ ആണെന്നും സമർത്ഥിക്കുകയാണ് ആശാൻ ഈ രണ്ടു കാവ്യങ്ങളിലൂടെയും ചെയ്യുന്നത്. ജാതിയല്ല. ജലമാണ്, ജീവജലമാണ് എക്കാലത്തും പ്രധാനം എന്ന് ആശാൻ ഈ കൃതികളിലൂടെ ദ്യോതിപ്പിക്കുന്നു. ദുരവസ്ഥയുടെ സഹോദരി എന്നാണ് ആശാൻ ചണ്ഡാല ഭിക്ഷുകിയെ വിശേഷിപ്പിച്ചിട്ടുള്ളത്. നാല് ഭാഗങ്ങളിലായി 696 വരികളുള്ള ഈ കാവ്യം നളിനി, ലീല, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, കരുണ തുടങ്ങിയ പ്രഖ്യാതകൃതികളിൽ നിന്നും ആഖ്യാന പരമായും ഇതിവൃത്തപരമായും ഉയർന്നു നിൽക്കുന്നു.
പാരസംഗ്രഹം

പ്രൊഫ. ലക്ഷ്മി നരസുവിന്റെ The Essence of Budhism എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈ കൃതിയുടെ മൂലകഥാംശം, മറ്റു കൃതികളെപ്പോലെ നാടകീയമായ തുടക്കമല്ല മറിച്ച് നേരിട്ടുള്ള ആദി മധ്യാന്തപ്പൊരുത്തത്തോടുകൂടിയ ആഖ്യാന രീതിയാണ് ആശാൻ ഈ കാവ്യത്തിൽ പിന്തു ടരുന്നത്. സംവാദാത്മകതയാണ് ഈ കാവ്യ ത്തിന്റെ മറ്റൊരു പ്രത്യേകത.
![]()
‘ജാതീയവും മത പരവുമായ അന്ധതകളുടെ വേരറുത്തു കൊണ്ടുള്ള ഈ കൃതിയുടെ ഒരു നൂറ്റാണ്ടു കാലത്ത നിലനിൽപ് സവിശേഷമായ പ്രാധാന്യം അർഹിക്കുന്നുണ്ട്. ആശാന്റെ സാമൂഹികബോധം, പ്രതിബദ്ധത, പ്രചാരണ പരത എന്നിവയ്ക്കൊപ്പം കാവ്യഭംഗിയും തെളിയുന്ന കൃതിയാണ് ചണ്ഡാലഭിക്ഷുകി. ഓരോ വാക്കിലും കവിത സ്ഫുരിക്കുന്ന പ്രതീകാത്മക ഘടന കവിതയിൽ കാണാം. കവിതയുടെ ആദ്യഭാഗത്ത് ചിത്രീകരിക്കുന്ന പശ്ചാത്തല വർണ്ണന ഇതിനുദാഹരണമാണ്. ഉണങ്ങിയ പേരാൽ, വഴിക്കിണർ, അത്താണി, ചുമടുതാങ്ങി തരിശുനിലം ഇതെല്ലാം ജാതിയുടെ വേനലിനെ പ്രതീകവൽക്കരിക്കുകയാണ് ചെയ്യുന്നത്. ജാതിയുടെ പൊള്ളുന്ന വേനലിലേയ്ക്ക് ആനന്ദഭിക്ഷു വന്നുചേരുന്നു. പകർന്നു കൊടുക്കുന്ന കുളിർത്ത തണ്ണീരിന്റെ ഉറവിടമായി മാതംഗി മാറുന്നു. വൈയക്തികമായ അനുരാഗത്തിന്മേൽ ലോകാനുരാഗം എത്രമേൽ എപ്രകാരം പ്രസക്തമാകുന്നു എന്ന് ആശാൻ ചണ്ഡാലഭിക്ഷുകിയിലൂടെ സമർഥിക്കുന്നു. “ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവുവരണ്ടഹോ’ ഇതാണ് ഈ കാവ്യ ത്തിന്റെ കേന്ദ്രപ്രമേയം. ഈ വരികളുടെ ആന്തരാർഥത്തിന് ഏറെ പ്രസക്തിയുണ്ട്.
വർത്തമാനകാലത്ത് നമ്മുടെ സമൂഹശരീരവും മനസ്സും ജാതി മതാന്ധതയാൽ വരണ്ടുപോകുന്നു എന്ന തോന്നലുണ്ടാ കുമ്പോൾ ഈ കാവ്യത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണ് 1907-ൽ “വീണ പൂവി’ൽ തുടങ്ങി ആധുനിക മനുഷ്യാവസ്ഥയുടെ ഭിന്നപ്രകാരങ്ങളും അവയെ മുൻനിർത്തിക്കൊണ്ട് സാമൂഹിക നീതിയെ സാക്ഷാത്കരിക്കാനുള്ള ഭാവാത്മകമായ ഇടപെടലുമാണ് ചണ്ഡാലഭിക്ഷുകി. “ആശാന്റെ സ്നേഹ സങ്കൽപ്പത്തിന് എക്കാലത്തും കീർത്തികേട്ട വരികൾ ചണ്ഡാലഭിക്ഷുകിയിലേതാണ്. സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം സ്നേഹത്താൽ വൃദ്ധിതേടുന്നു. സ്നേഹം താൻ ശക്തിജഗത്തിൽ സ്വയം സ്നേഹം താനാനന്ദമാർക്കും. സ്നേഹം താൻ ജീവിതം ശ്രീമൻ സ്നേഹ വ്യാഹതി തന്നെ മരണം. സ്നേഹം നരകത്തിൻ ദ്വീപിൽ സ്വർഗഗേഹം പണിയും പടുത്വം’ എന്ന വരികൾ ഉരുവിടാത്തവരായി കേരളത്തിൽ ആരുംതന്നെ ഉണ്ടാവില്ല.
മാതംഗി പകരുന്ന കുടിനീരിലെ ഓരോ തുള്ളിയും ധന്യതയുടെ ഹാരങ്ങളുമായി മാറുന്നു. അത് മാതംഗിയുടെ മനസ്സിൽ സദ്പ്രവൃത്തിയുടെ കുളിർമ്മ നല്കുന്നു. ആശാന് കവിത സാമൂഹിക പരിവർത്തനത്തിനുള്ളതാണ്. മാനവികത പലതരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന വർത്തമാനകാലത്ത് ആശാൻ കൃതികൾ ആവർത്തിച്ച് വായിക്കപ്പെടേണ്ടതുണ്ട്. ഈ തിരിച്ചറിവ് പകരുന്ന വിധത്തിൽ ചണ്ഡാലഭിക്ഷുകിയിലെ സുകൃതഹാരം എന്ന ഭാഗത്തിന്റെ വായനയും ആസ്വാദനവും നടക്കുന്നുവെന്ന് ഉറപ്പാക്കണം.
അറിവിലേക്ക്

കുമാരനാശാൻ: മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്, എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാര നാശാൻ. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണ ങ്ങളായി പറയാറുണ്ട്. 1903 – ൽ കുമാരനാശാൻ എസ്. എൻ. ഡി. പി. ആദ്യയോഗം സെക്രട്ടറിയായി. ഏതാണ്ടു പതിനാറുവർഷക്കാലം അദ്ദേഹം ആ ചുമതലവഹിച്ചു. 1904-ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി, വിവേകോദയം മാസികയാരംഭിച്ചു.
കൃതികൾ: നളിനി, ലീല, കരുണ, ചണ്ഡാല ഭിക്ഷുകി, വീണപൂവ്, പ്രരോദനം, ഒരു സിംഹ പ്രസവം, മണിമാല, വനമാല, പുഷ്പവാടി.

നൂറ്റാണ്ട് പിന്നിട്ട കൃതികൾ
മലയാള കാവ്യലോകത്ത് ചിരഞ്ജീവിത്വമുള്ള കവിതകളിലൂടെ പുതുഭാവുകത്വം സൃഷ്ടിച്ച കവി പ്രതിഭയാണ് കുമാരനാശാൻ. അതുവരെയുണ്ടായിരുന്ന ഭാഷയെയും ആഖ്യാന സമ്പ്രദായങ്ങളെയും ഭാവുകത്വത്തെയും കല്പനകളെയും സങ്കല്പങ്ങളെയും ഇളക്കി പ്രതിഷ്ഠിച്ചുകൊണ്ട് പുതിയൊരു കാവ്യാനുഭവലോകം മലയാളിക്ക് ആശാൻ സമ്മാനിച്ചു. 1907-ൽ പ്രസിദ്ധീകരിച്ച് വീണപൂവിൽ തുടങ്ങുന്ന കാവ്യനിർമ്മിതി ഒന്നര പതിറ്റാണ്ടോളം മാത്രമേ നീണ്ടു നിന്നുള്ളൂ. എന്നാൽ കാലം കുറഞ്ഞദിനമെങ്കിലും അർഥ ദീർഘമായ ആ കാവ്യജീവിതം സൃഷ്ടിച്ച വിസ്ഫോടനം മലയാ ളികളെ / കവിതാസ്വാദകരെ നിരന്തരം നവീകരിച്ചു കൊണ്ടിരിക്കുന്നു.
മലയാള കാവ്യലോകത്ത് ഒരു നൂറ്റാണ്ട് പൂർത്തീകരിച്ച രണ്ടു പ്രശസ്ത കൃതികളാണ് ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും. 1922 സെപ്റ്റംബറിൽ ദുരവസ്ഥയും ഡിസംബറിൽ ചണ്ഡാലഭിക്ഷുകിയും പ്രസിദ്ധീകരിച്ചു. ഒരു ഞെട്ടിൽ പൂത്ത രണ്ടു പുഷ്പങ്ങൾ എന്ന് ഇരുകൃതികളെയും മഹാകവി ഉള്ളൂർ വിശേഷിപ്പിച്ചിട്ടുണ്ട്. മലബാർ സമരത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ദുരവസ്ഥയും ശ്രീബുദ്ധന്റെ കഥയിലെ മാതംഗിയെന്ന ചണ്ഡാലികയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ചണ്ഡാലഭിക്ഷുകിയും പ്രമേയ സാധർമ്മ്യവും കവിയുടെ നവോത്ഥാന ചരിത്രത്തിലെ രണ്ട് മനുഷ്യത്വം എന്ന ബോധത്തിന്റെ വെളിച്ചത്താൽ കോട്ടകെട്ടി നിർത്തിയ സോദ്ദേശ്യശ്രമമാണ്. നീതികേടുകളെയും മനുഷ്യവിരുദ്ധ പ്രവർത്തനങ്ങളെയും മാറ്റാൻ വർത്തമാന കാലത്തും പ്രേരണാശക്തിയായി “ദുരവസ്ഥ’യും ‘ചണ്ഡാലഭിക്ഷുകി’യും സജ്ജമായി നിൽക്കുന്നു.
“മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ എന്ന പ്രഖ്യാപനം ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു. ദുരവസ്ഥയും ചണ്ഡലാഭിക്ഷുകിയും മലയാള കാവ്യലോകത്തും സമൂഹത്തിലും സൃഷ്ടിച്ച തുടർചലനങ്ങൾ പരിവർത്തനോന്മുഖമായിരുന്നു. സാമൂഹ്യനീതിയുടെ പശ്ചാത്തലത്തിൽ അത് വായിക്കുമ്പോൾ ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യൻ മനുഷ്യനെ മാറ്റിനിർത്തുകയും അവഗണിക്കുകയും ചെയ്തിരുന്ന ഒരു ഇരുണ്ട കാലഘട്ടത്തിന്റെ ദൃശ്യം നമുക്ക് ലഭിക്കും. അത് പുതുകാലത്തെ സൃഷ്ടിക്കാൻ നമ്മളെ ഏറെ പര്യാപ്തരാക്കും. ഒരു കൃതി എങ്ങനെയാണ് സാമൂഹിക പരിവർത്തനത്തിനും സാമൂഹിക നീതിക്കും മനുഷ്യ സമത്വത്തിനും പ്രയോജനകരമാകുന്നു എന്നതിന്റെ ഏറ്റവും പ്രകടവും മികച്ചതുമായ ഉദാഹ രണമാണ് ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും. ജാതിയുടെ പേരിൽ മേൽക്കോയ്മകൾ ഉണ്ടാക്കി മനുഷ്യരെ വേർതിരിച്ച്, തരംതാഴ്ത്തി മനുഷ്യനെ പീഡിപ്പിച്ചിരുന്ന വ്യവസ്ഥിതിയെ കവിതകൊണ്ട് | അക്ഷരം കൊണ്ട് വെല്ലുവിളിക്കുക എന്ന ചരിത്ര പ്രധാനമായ ഉത്തരവാദിത്വം നിറവേറ്റുകയാണ് 1922-ൽ പ്രസിദ്ധീകരിച്ച ഈ രണ്ട് കൃതികളിലൂടെയും കുമാരനാശാൻ ചെയ്തത്.
ബുദ്ധദർശനം ആശാൻ കവിതകളിൽ
1873 (ഏപ്രിൽ 12) ന് ജനിച്ച് 1924ൽ (ജനുവരി 16 ന് പല്ലനയാറ്റിലെ ബോട്ടപകടത്തിൽ മരണമടഞ്ഞ കുമാരനാശാൻ മലയാളത്തിൽ ഒന്നാമതായി സ്മരിക്കപ്പെടേണ്ട കവികളിലൊരാളാണ്. മലയാളഭാഷയുടെയും സംസ്കാരത്തിന്റെയും കേരളീയ ആധുനികതയുടെയും സ്മാരകമാണ് കുമാര നാശാൻ. ആശാന് പകരക്കാരൻ ആശാൻ മാത്രമാണെന്ന് കാലം നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടി രിക്കുന്നു. മലയാളിക്ക് ജീവിതത്തിന്റെയും മോക്ഷത്തിന്റെയും പാത കാട്ടിത്തന്നത് കുമാരനാശാനായി രുന്നു. മതേതരമായ പാതയിലൂടെ സഞ്ചരിക്കാൻ നമുക്കിന്നും ആത്മബലം പകരുന്നത് കുമാര നാശാന്റെ ഓർമ്മകളാണ്, ആ ഓർമ്മകൾ നാം പുതുക്കിക്കൊണ്ടേയിരിക്കണം. വിഭാഗീയതയുടെയും ഉപഭോഗാസക്തിയുടെയും കാർമേഘം നമ്മുടെ ജീവിതാന്തരീക്ഷത്തിൽ കനക്കുമ്പോൾ പ്രത്യേകിച്ചും ആലംബഹീനന്മാർക്ക് സ്നേഹസ്പർശമായി ആശാനും ആശാന്റെ രചനകളും നമുക്കിടയിൽ ശക്തമായി ഇന്നും തുടരുന്നു. കുമാരനാശാന്റെ വ്യക്തി ജീവിതത്തെയും കാവ്യ ജീവിതത്തെയും ആഴത്തിൽ സ്വാധീനിച്ച വ്യക്തി ശ്രീനാരായണഗുരുവും കൃതി എഡ്വിൻ ആർനോൾഡിന്റെ ലൈറ്റ് ഓഫ് ഏഷ്യയുമാണ്.
ഖണ്ഡകാവ്യപ്രസ്ഥാനം
സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് സംക്രമിച്ച് കാവ്യ പ്രസ്ഥാനമാണ് ഖണ്ഡകാവ്യം. പാശ്ചാത്യ കാവ്യമാതൃകകൾ ഈ പ്രസ്ഥാനത്തിന്റെ വളർച്ചയെ സ്വാധീനിച്ചിട്ടുണ്ട്. ‘ഖണ്ഡകാവ്യം ഭവേത് കാവ്യകദേശാനുസാരി എന്ന് സാഹിത്യദർപ്പണത്തിൽ വിശ്വനാഥാ ചാര്യൻ ഖണ്ഡകാവ്യത്തിന് ലക്ഷണം നൽകിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിനോക്കുന്നതിനു പകരം ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവത്തിലോ ഭാവത്തിലോ ആശയത്തിലോ മാത്രം ഊന്നിനിൽക്കുക അവിടെ കവിപ്രതിഭ വ്യാപരിപ്പിക്കുക ഇതാണ് ഖണ്ഡകാവ്യത്തിന്റെ സാമാന്യ സ്വഭാവം. മഹാകാവ്യം ഒരു വലിയ ജീവിതപ്രപഞ്ചം ആഴത്തിലും പരപ്പിലും സമഗ്രമായി അവതരിപ്പിക്കുന്നു. ഖണ്ഡകാവ്യം ജീവിതത്തിന്റെ ഒരംശത്തെ ഏകാഗ്രമായി ആവിഷ്കരിക്കുന്നു. കഥയെക്കാൾ ഭാവോത്തേജകമായ പ്രതിപാദനത്തിനാണ് ഖണ്ഡകാവ്യത്തിൽ പ്രാധാന്യം. മലയാളത്തിൽ ഖണ്ഡകാവ്യങ്ങളുടെ മാർഗദർശകനായി കരുതിപ്പോരുന്നത് ഏ.ആർ. രാജരാജ വർമ്മ യെയാണ്. അദ്ദേഹം രചിച്ച മലയവിലാസം (1895) ഈ ശാഖയിൽപ്പെട്ട ആദ്യ കൃതിയായി പരിഗണിക്കുന്നു.
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ഖണ്ഡകാവ്യം കുമാരനാശാന്റെ വീണപൂവ് (1907) ആണ്. മലയാള കവിതയെ നവീന കാവ്യബോധത്തിന്റെ വെളിച്ചത്തിലേക്ക് നയിച്ചത് വീണപൂവാണ്. നളിനി (1911), ലീല (1914), ചിന്താവിഷ്ടയായ സീത (1919), ദുരവസ്ഥ (1922), ചണ്ഡാലഭിക്ഷുകി (1922), കരുണ (1923) തുടങ്ങിയവ ആശാൻ എഴുതിയ മറ്റു ഖണ്ഡകാവ്യങ്ങളാണ്. ബധിരവിലാപം (1919), ബന്ധ നസ്ഥനായ അനിരുദ്ധൻ (1918), ശിഷ്യനും മകനും (1919) മഗ്ദലനമറിയം (1921), അച്ഛനും മകളും (1936), കൊച്ചു സീത (1929) എന്നിവ വള്ളത്തോൾ നാരായണമേനോൻ രചിച്ച ഖണ്ഡകാവ്യങ്ങളാണ്. കർണ്ണ ഭൂഷണം (1933), പിംഗള (1929), ഭക്തിദീപിക (1933), ചിത്രശാല (1937) എന്നിവ ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച പ്രധാന ഖണ്ഡകാവ്യങ്ങളാണ്. ജി. ശങ്കരക്കുറുപ്പിന്റെ മൂന്നരുവിയും ഒരു പുഴയും, ബാലാമണിയമ്മയുടെ മഴുവിന്റെ കഥ, ഒ.എൻ.വി. കുറുപ്പിന്റെ ഉജ്ജയിനി, അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വൈലോപ്പിള്ളിയുടെ കുടിയൊഴിക്കൽ എന്നിവയും മലയാളത്തിലെ പ്രസിദ്ധങ്ങളായ ഖണ്ഡകാവ്യങ്ങളാണ്.
![]()
ഓർത്തിരിക്കൻ
- കൊടിയ ദാഹത്താൽ ഭിക്ഷു ജാതിനിയമങ്ങൾ മറന്നു പോയോ എന്നാണ് മാതംഗി ആശങ്കപ്പെടുന്നത്.
- അക്കാലത്ത് ജാതീയമായ അടിമത്തചിന്ത ശക്തമായിരുന്നു എന്ന് ഈ വാക്കുകൾ ധ്വനിപ്പിക്കുന്നു.
- ഏത് ദുഃഖത്തിലും ദുരിതത്തിലും ജാതിധർമ്മം മറക്കാൻ പാടില്ലായിരുന്നു. എല്ലാത്തിനേക്കാളും വലുതാണ് ജാതി എന്ന് ഭിക്ഷുവിനെ ഓർമ്മിപ്പിക്കുകയാണ്.
- പാരമ്പര്യവിശ്വാസത്തിൽ നിന്നും ഉണ്ടാകുന്ന പാപബോധമാണ് മാതംഗിയിൽ കാണുന്നത്.
- ജാതിഭേദ ചിന്താബോധവും ഇല്ലാതാക്കിയത് ബുദ്ധദർശനമാണ്.
- മനുഷ്യർ ഒരു ജീവിവർഗം എന്ന നിലയിൽ തുല്യരാണ്.
- സമത്വം എന്നതിൽ സ്വാതന്ത്ര്യവും അടങ്ങിയിട്ടുണ്ട്.
- സമത്വമുള്ളിടത്തെ സാഹോദര്യവുമുണ്ടാകൂ.
- ഒരേ ഉദരത്തിൽ നിന്ന് ജനിച്ചവർ ആണല്ലോ സഹോദരങ്ങൾ.
- ഓരോരോ തുള്ളികൾ ചേരുന്നതാണ് പ്രവാഹം. പ്രവാഹത്തിൽ തരതമഭേദങ്ങളില്ല. അതില്ലാത്തയിടത്തേ സമത്വവും സാഹോദര്യവും ഉണ്ടാവുകയുള്ളൂ. ഭഗിനി, സോദരി എന്നെല്ലാം ഭിക്ഷു വിളിക്കുന്നത് മാതംഗിയുടെ ഉള്ളിൽ ജാതിക്കതീതമായ സഹോദരസ്നേഹത്തിന്റെ സുകൃത ഹാരങ്ങൾ അർപ്പിക്കുന്നു.