Reviewing solved SSLC Malayalam Question Paper Adisthana Padavali Set 5 helps in understanding answer patterns.
Class 10 Malayalam Adisthana Padavali Model Question Paper Set 5
Max Score : 40
Time : 1 ½ hrs.
നിർദേശങ്ങൾ:
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം വിനിയോഗിക്കണം.
- ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. A അല്ലെ ങ്കിൽ B എന്ന തരത്തിലുള്ള ചോദ്യങ്ങളിൽ, ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരമെഴുതിയാൽ മതി.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതുക. (4 × 1 = 4)
Question 1.
പൂനിലാവ് എന്ന പദം ശരിയായ രീതിയിൽ വിഗ്രഹിച്ചിട്ടുള്ളത് കണ്ടെത്തുക.
(a) പൂവും നിലാവും
(b) പൂവ് പോലുള്ള നിലാവ്
(c) പൂവാകുന്ന നിലാവ്
(d) പൂവിന്റെ നിലാവ്
Answer:
(b) പൂവ് പോലുള്ള നിലാവ്
Question 2.
“പ്രായം കൂടും തോറും ഞാൻ കൂടുതൽ കാണുന്നു’ ഈ വാക്യത്തിന്റെ പൊരുൾ എന്ത്?
(a) പ്രായം കൂടുതലുള്ള ആൾക്ക് കാഴ്ച ശക്തിയും കൂടും
(b) പ്രായം കൂടുന്തോറും കണ്ണിന്റെ ശക്തി കുറയുകയും മനസ്സിന്റെ ശക്തി കൂടുകയും ചെയ്യും,
(c) പ്രായം കൂടുന്തോറും കൂടുതൽ കാണാൻ ആഗ്രഹമുണ്ടാവും
(d) പ്രായം കൂടുന്നതിനുസരിച്ച് അനുഭവജ്ഞാനം കൂടും
Answer:
(d) പ്രായം കൂടുന്നതിനുസരിച്ച് അനുഭവജ്ഞാനം കൂടും
![]()
Question 3.
തന്നിരിക്കുന്നവയിൽ ശരിയായി ചേർത്തെഴുതിയവ ഏതെല്ലാം?
I) വേദാധ്യായനം – വേദ + അധ്യായനം
II) ആദ്യകാലം – ആദി + കാലം
III) ദുരവസ്ഥ – ദു + അവസ്ഥ
IV) നാഴികക്കല്ല് – നാഴിക = കല്ല്
A. I ഉം IV ഉം ശരി
B. I ഉം II ഉം ശരി
C. II ഉം III ഉം ശരി
D. III ഉം IV ഉം ശരി
Answer:
A. I ഉം IV ഉം ശരി
Question 4.
“നീ യുദാരതയുടെ പര്യായം’ കവി ആരെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്?
(a) അമ്മയെ
(b) ഐശ്വര്യദേവതയെ
(c) തന്റെ ഗ്രാമത്തെ
(d) കൂട്ടുകാരനെ
Answer:
(b) ഐശ്വര്യദേവതയെ
I. 5 മുതൽ 7 വരെ ചോദ്യങ്ങൾക്ക് മൂന്നോ നാലോ വാക്യത്തിൽ ഉത്തരമെഴുതുക. (3 സ്കോർ വീതം) (3 × 3 = 9)
Question 5.
കന്നാരംപുഴയിലെ കല്ലുകൾ ഉരസി ഉരസി
“നരസിക്കു നരവീണു
വരികളിലെ കാവ്യഭംഗിയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ എന്തെല്ലാം? വിവരിക്കുക
Answer:
ഈ വരികൾ ഏട്ടക്കൂരി എന്ന കവിതയിലേതാണ്. ഈ വരികൾക്ക് ആശയഭംഗിയും രൂപഭംഗിയുമുണ്ട്. പുഴയൊഴുകുമ്പോൾ കല്ലുകൾ മിനുസപ്പെടുകയും, അവയുടെ നിറം മാറുകയും ചെയ്യുക സ്വാഭാവികമാണ്. പുഴയുടെ അനേക കാലമായുള്ള ഒഴുക്കിന്റെ നൈരന്ത്യം ഇവിടെ വ്യക്തമാകുന്നു. കല്ലിനെപ്പോലും വെളുപ്പിക്കുന്ന ഒഴുക്കിന്റെ ശക്തിയും ഇവിടെ ധ്വനിക്കുന്നു. കൂടാതെ ‘ക’, ‘ര’, ‘ന’ മുതലായ അക്ഷരങ്ങളുടെ ആവർത്തനവും ഈ വരികളുടെ ഭംഗി വർധിപ്പിക്കുന്നുണ്ട്.
![]()
Question 6.
“ആ പരമാർത്ഥം വളരെപ്പേർ ധരിച്ചിരിക്കില്ല” എന്ന കെ. കേളപ്പന്റെ വാക്കുകളുടെ വിവക്ഷ എന്തെന്ന്…
വ്യക്തമാക്കുക
Answer:
അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക് എന്ന നാടകം ആദ്യകാല നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ചില ആചാരങ്ങളെയും കാരണവൻമാരുടെ കടുത്ത യഥാസ്ഥിതികത്വത്തെയും കടന്നാക്രമിക്കാൻ വേണ്ടി വി. ടി. രചിച്ചതാണ്. പുതിയ കാലഘട്ടത്തിൽ നാടകത്തിൽ വിവരിച്ചിരിക്കുന്ന തരത്തിലുള്ള നമ്പൂതിരി സമുദായത്തിന് വമ്പിച്ച മാറ്റങ്ങൾ വന്നിട്ടുണ്ട്. അതുകൊണ്ട് പുതിയ കാലഘട്ടത്തിൽ ഈ നാടകത്തിന് ചരിത്രപരമായി ഒരു പ്രാധാന്യമുണ്ട്. സമുദായത്തിലെ എത്രയും പ്രധാനമായ ഒരു പരിവർത്തന ദശയെ ഈ നാടകം പ്രതിനീധികരിക്കുന്നു.
സമുദായത്തിലെ കടുത്ത ദുരാചാരങ്ങളെയും യാഥാസ്ഥിതികത്വത്തിന്റെ വൻഭിത്തികളെയും ഭേദിക്കാൻ സമുദായത്തിന്റെയുള്ളിൽ നിന്നുതന്നെ ഒരാൾ സ്ഫോടനം നടത്തി. ആ പൊട്ടിത്തെറിയിൽ അനീതിയുടെയും അജ്ഞതയുടെയും അന്ധമായ ദുരാചാരങ്ങളുടെയും വൻഭിത്തി കൾ തകർന്നു വീണു. ആ സ്ഫോടനത്തിനുപയോഗിച്ച ബോംബാണ് അടുക്കളയിൽ നിന്നും അരങ്ങത്തേ യ്ക്ക്. ഈ യാഥാർഥ്യം മനസ്സിലാക്കാൻ പലരും ശ്രമിച്ചിട്ടില്ലെന്ന ലേഖകന്റെ അഭിപ്രായം ഏറെ പ്രസക്തമാണ്.
Question 7.
A) “കൊച്ചുമനസ്സുകൾ ഒരിക്കലും വേദനിച്ചുകൂടാ
ഈ വാക്കുകളിലെ കരുതൽ എങ്ങനെയൊക്കെയാണ് നോവൽഭാഗത്ത് യഥാർഥ്യമാകുന്നത്? വ്യക്തമാക്കുക.
Answer:
ഈ വാക്കുകൾ ജോസിനോട് ഫാദർ ഫ്രാൻസിസ് പറയുന്നതാണ്. തന്റെ അനാഥത്വത്തെക്കുറിച്ചോർത്ത് വ്യസനിച്ചുകൊണ്ട് ജോസ് കൂട്ടുകാരിൽ നിന്നെല്ലാമകന്ന് ഒറ്റയ്ക്കിരിക്കുന്നത് കാണുമ്പോൾ ജോസിന്റെ ദുഃഖം മനസ്സിലാക്കിയിട്ടെന്നോണം ഫാദർ ഫ്രാൻസിസ് അവന്റെയടുത്ത് ചെന്ന് അവനെ സമാശ്വസിപ്പിക്കാറുണ്ട്.
കൊച്ചുമനസ്സുകൾ ഒരിക്കലും വേദനിക്കാൻ പാടില്ലായെന്നും, എല്ലാ വേദനകളും, പ്രശ്നങ്ങളും തന്നോട് പങ്ക് വയ്ക്കണമെന്നും ഫാദർ ഫ്രാൻസിസ് അവനോട് പറഞ്ഞു, ഫാദറിന്റെ ഈ കരുതലും സ്നേഹവും പരിഗണനയും ഒരു അനാഥനാണെന്ന ജോസിന്റെ തോന്നൽ കുറെശ്ശെയായി മായ്ച്ചുകളഞ്ഞു. അവന് “ആത്മവിശ്വാസം’ വർദ്ധിച്ചു. ഒടുവിൽ അസൂയാർഹമായ വിജയം കൈവരിച്ച് അവൻ ഉന്നതപഠനത്തിന് യോഗ്യനാകുകയും ചെയ്തു. യഥാർത്ഥ സ്നേഹത്തിന് എന്തിനെയും മാറ്റി മറിക്കാനുളള ശക്തിയുണ്ടെന്ന് ഫാദർ ഫ്രാൻസിസ് തെളിയിച്ചു കൊടുത്തു.
അല്ലെങ്കിൽ
B) “കല്യാണം ഒറപ്പിക്കാമ്പോവാന്നു പറേമ്പഴും അവള് പറ, വര നിർത്തൂലാന്ന്… ഇവിടെ തെളിയുന്ന ഫിസയുടെ മനോഭാവം ഏതാണ്?
Answer:
ഷാഹിന ഇ.കെ യുടെ ‘ചിത്രകാരി’ എന്ന കഥയിലെ മുഖ്യകഥാപാത്രമാണ് ഫിസ്, കുട്ടിക്കാലത്ത് തന്നെ ചിത്രകലയോട് ഏറെ കമ്പമുണ്ടായിരുന്നു. വരകളുടെയും വർണ്ണങ്ങളുടെയും ലോകത്ത് ഒതുങ്ങിക്കൂടുവാൻ അവൾ ആഗ്രഹിച്ചിരുന്നു. വിവാഹാലോചനകൾ നടക്കുമ്പോഴും തന്റെ ചിത്രകലയെ വിട്ടുകൊടുത്തുളള ജീവിതം അവൾക്ക് സാദ്ധ്യമായിരുന്നില്ല. അവളുടെ ഈ അടങ്ങാത്ത കലാ വാസന യാണ് ഇവിടെ ഈ വാക്കുകളിൽ വ്യക്തമാവുന്നത്.
II. 8 മുതൽ 11 വരെ ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (5 സ്കോർ വീതം) (4 × 5 = 20)
Question 8.
“ശുദൻ കേട്ടുപോയാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കേണ്ട ആ മന്ത്രോച്ചാരണമാണ് പബ്ലിക്ക് വച്ച് നടത്തുന്നത്. ലേഖകന്റെ ഈ പരാമർശത്തിന്റെ ചരിത്രപരമായ പ്രാധാന്യമെന്ത്? കണ്ടെത്തി കുറിപ്പെഴുതുക.
Answer:
വേദോച്ചാരണം ശുദ്രർ കേൾക്കാനിടയായാൽ അവരുടെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണം എന്നുള്ള ഒരു സങ്കല്പം പണ്ടുക്കാലത്ത് നിലനിന്നിരുന്നു. ഇത് വേദപഠനത്തിനും വേദശവണത്തിനും ചില പ്രത്യേക വിഭാഗങ്ങൾക്ക് വിലക്കുണ്ടായിരുന്ന ഒരു കാലഘട്ടത്തിലെ വിശ്വാസങ്ങളെയും സാമൂഹിക ഘടനയെയും സൂചിപ്പിക്കുന്നു.
ഈ സങ്കൽപ്പത്തിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങൾ ഉണ്ടെന്ന് പറയാം. വേദങ്ങൾ അറിവിന്റേയും അധികാരത്തിന്റെയും ഉറവിടമായി കണക്കാക്കപ്പെട്ടിരുന്നു. ഈ അറിവ് ഒരു പ്രത്യേക വിഭാഗത്തിൽ മാത്രം ഒതുക്കി നിർത്തുന്നതിലൂടെ അവരുടെ സാമൂഹിക മേൽക്കോയ്മ നിലനിർത്താൻ സാധിക്കുമായിരുന്നു. ശൂദ്രർക്ക് വേദം നിഷേധിക്കുന്നത് ഈ അധികാര ശ്രേണിയെ നിലനിർത്തുന്നതിനുള്ള ഒരു മാർഗമായി ഉയർന്ന ജാതിക്കാർ കണ്ടിരുന്നിരിക്കാം. ശുദ്രമക്ഷരസംയുക്തം ദൂരതഃപരിവർ ജയേത്’ എന്ന ഒരു ചൊല്ലുതന്നെയുണ്ട്. അക്ഷരം പഠിച്ച ശൂദ്രനെ അകറ്റണം എന്നർത്ഥം.
ചില പുരാതന ധർമ്മശാസ്ത്രഗ്രന്ഥങ്ങളിൽ ശൂദരെ വേദപഠനത്തിന് അശുദ്ധരായി കണക്കാക്കുന്ന പരാമർശങ്ങളുണ്ട്. അതനുസരിച്ച് വേദങ്ങൾ കേൾക്കുകയോ, പഠിക്കുകയോ ചെയ്യുന്നത് അവർക്ക് നിഷിദ്ധമായിരുന്നു. ഈ വിലക്ക് ലംഘിക്കുന്നവർക്ക് കഠിനമായ ശിക്ഷ നിർദ്ദേശിക്കപ്പെട്ടിരുന്നു.
ആധുനിക കാലഘട്ടത്തിൽ ഈ സങ്കൽപ്പങ്ങളെല്ലാം അസാധുവാക്കപ്പെടുകയും വേദങ്ങൾ സകലർക്കും പ്രാപ്യമാവുകയും ചെയ്തു. ജാതിയുടെ അടിസ്ഥാനത്തിലുളള വിവേചനം ഭരണഘടനാപരമായി കുറ്റകരവുമാണ്.
![]()
Question 9.
“നല്ലതല്ലൊരുവൻ ചെയ്ത നല്ലകാര്യം മറപ്പത് നല്ലതല്ലാത്തതുടനേ മറന്നീടുന്നതുത്തമം”
സദാചാരം
(ശ്രീനാരായണഗുരു)
ശ്രീനാരായണഗുരു പകർന്നു നൽകിയ ജീവിതപാഠം നോവൽ ഭാഗത്ത് എങ്ങനെയെല്ലാമാണ് പ്രതിഫലിക്കുന്നത്? വിശദമാക്കുക.
Answer:
ഒരാൾ ചെയ്യുന്ന നല്ല കാര്യം മറക്കുന്നത് ഒരിക്കലും നല്ലതല്ല. നല്ലതല്ലാത്ത കാര്യം ചെയ്താൽ അത് ഉടനെ മറക്കുകയും വേണം. ശ്രീനാരായണ ഗുരുദേവന്റെ വരികളുടെ സാരം ഇതാണ്. ശ്രീനാരായണ ഗുരുവിന്റെ ഈ ആദർശം നോവലിൽ പലയിടത്തും പ്രതിഫലിക്കുന്നുണ്ട്. ജിവിതത്തിലുണ്ടാകുന്ന കയ്പേറിയ അനുഭവങ്ങൾ ഉടൻ തന്നെ മറന്ന് കളയുന്നതാണ് ഉത്തമം. അനാഥാലയത്തിൽ വച്ച് സഹപാഠികളുടെ കളി യാക്കലുകളും അവഗണനകളും മറ്റും ജോസിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
പക്ഷേ തന്റെ മഹത്തായ ജീവിതലക്ഷ്യത്തിന് മുമ്പിൽ അത്തരം കയ്പ് നിറഞ്ഞ അനുഭവങ്ങൾ ജോസ് മറന്ന് കളയുകയാണ് ഉണ്ടായത്. എന്നാൽ അനാഥാലയത്തിലെ ഫാദർ ൻസിസിന്റെയും, ഫാദർ ജോസഫിന്റെയും പെരുമാറ്റം ജോസിന് ഏറെ ശ്വാസകരമായിരുന്നു. തന്റെ മഹത്തായ ലക്ഷ്യത്തിലെത്തിച്ചേരാനുള്ള ചവിട്ടുപടികളായി ജോസ് അത്തരം പ്രവർത്തനങ്ങളെ കാണുകയും ചെയ്യുന്നുണ്ട്. അനീതിക്കും അസമത്വത്തിനുമെതിരെയുളള ധീരമായ ചെറുത്ത് നിൽപ്പാണ് ഇത്തരം പ്രവർത്തനങ്ങൾ.
Question 10.
ഗദ്യഭാഗം വായിച്ചു ചുവടെ കൊടുത്ത ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക
സന്ധ്യയായിരുന്നു. പുഴയുടെ തീരത്ത് കാറ്റ് വീശി. കാട്ടിലെ മരങ്ങൾ നിലാവിൽ വെള്ളിമണിയായി തിളങ്ങുകയായിരുന്നു. ജീവിതം മുഴുവൻ തിരക്കിലായിരുന്ന രാമൻ നായർ അന്ന് ആദ്യമായി ആ നിശ്ശബ്ദത അനുഭവിച്ചു.
“ഇത്രയും വർഷം ഞാൻ ഓടിയതെന്തിനായി?” – അവൻ സ്വയം ചോദിച്ചു.
ജീവിതത്തിന്റെ അവസാനഘട്ടത്തിൽ പ്രകൃതിയോടൊത്തു ചേരാനാണ് മനുഷ്യൻ വിധിക്കപ്പെട്ടതെന്ന
ബോധ്യം അവനെ ശാന്തനാക്കി.
(മൂലം: എം. ടി. വാസുദേവൻ നായർ – “വാനപ്രസ്ഥം”)
ചോദ്യങ്ങൾ:
1. രാമൻ നായർ ആദ്യമായി എന്ത് അനുഭവിച്ച നിമിഷം ആയിരുന്നു അത്? (1 സ്കോർ)
2. “ഇത്രയും വർഷം ഞാൻ ഓടിയതെന്തിനായി?” എന്ന ചിന്ത സൂചിപ്പിക്കുന്നത് എന്ത്? (2 സ്കോർ)
3. രാമൻ നായരുടെ ജീവിതാനുഭവം ഇന്നത്തെ മനുഷ്യന്റെ ജീവിതത്തോട് എങ്ങനെ ബന്ധിപ്പിക്കാം? (2 സ്കോർ)
Answer:
1. നിശ്ശബ്ദതയും ശാന്തതയുമാണ് അന്ന് ആദ്യമായി അനുഭവിച്ചത്.
2. ഈ ചിന്ത രാമൻ നായരുടെ ജീവിതത്തെക്കുറിച്ചുള്ള ആത്മപരിശോധനയും പശ്ചാത്താപവും സൂചിപ്പിക്കുന്നു. വർഷങ്ങളോളം തിരക്കിനെയും ഭൗതിക ഓട്ടത്തിനെയും വേണ്ടി ജീവിച്ചതിന് ഒരു അർത്ഥമുണ്ടോയെന്ന് അവൻ ചോദിക്കുന്നു.
3. ജീവിതത്തിന്റെ അവസാനം മനുഷ്യൻ പ്രകൃതിയോട് ചേർന്ന് ശാന്തത കണ്ടെത്തുന്നതും, ജീവിതമൊട്ടാകെ നടത്തുന്ന ഭൗതികഓട്ടത്തിന് അന്ത്യത്തിൽ വലിയ മൂല്യമില്ലെന്നും, ശാന്തിയും ആത്മസാക്ഷാത്കാരവുമാണ് സത്യസുഖമെന്ന് ഈ ഭാഗം പഠിപ്പിക്കുന്നു.
![]()
Question 11.
A) “വീടുതോറുമേ കണി –
നിരന്നിട്ടതിൽ വിള
യാടുമോ നീ,യെല്ലാർക്കും
മന്നപൂർണ്ണയാം ദേവി?”
വരികളിൽ അവതരിപ്പിച്ചിരിക്കുന്ന സാമൂഹികദർശനത്തിന്റെ സവിശേഷതകൾ വിവരിക്കുക.
Answer:
ഒരു വിഭാഗത്തിന്റെ മാത്രം ദേവിയായി അവരുടെ വീട്ടിലെ ഓട്ടുരുളിയിൽ പ്രതിഷ്ഠിക്കപ്പെടുന്ന ഐശ്വര്യ ദേവതയോട് കവി അഭ്യർത്ഥിക്കുന്ന വരികളാണിത്. എല്ലാ വീട്ടിലും കണിയൊരുക്കാൻ സാധിക്കുകയും ഓരോ വീട്ടിലെയും കണിയുരുളിയിൽ വിളയാടുകയും ചെയ്യുവാൻ ഐശ്വര്യ ദേവതയ്ക്ക് കഴിഞ്ഞിരുന്നുവെങ്കിൽ എത്ര നന്നാകുമായിരുന്നുവെന്ന് പ്രത്യാശിക്കുന്ന കവിയെയാണ് നാം. ഇവിടെ കാണുന്നത്. ഇവിടെ കവി അവതരിപ്പിക്കുന്ന സാമൂഹിക ദർശനം സമത്വത്തിന്റേതാണ്.
സമ്പത്തും ഐശ്വര്യവും ഒരു വിഭാഗത്തിന്റെ മുന്നിൽ മാത്രം കുന്നുകൂടുകയും മറ്റൊരു വിഭാഗം എന്നും പട്ടിണിയിലും, കഷ്ടപ്പാടിലും, വേദനകളിലും അവഗണനകളിലും കഴിച്ച് കൂട്ടേണ്ടി വരികയും ചെയ്യുന്ന ഒരു ഭീതിജനകമായ സാമൂഹികാവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്. പാവങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലം യാതൊരു തത്ത്വദീക്ഷയുമില്ലാതെ അനുഭവിക്കുകയും, തങ്ങളെ തങ്ങളാക്കാൻ പൊരുതിയ പാവങ്ങളെ കാൽക്കീഴിലമർത്തി രസിക്കുകയും ചെയ്യുന്ന സമ്പന്ന വർഗ്ഗത്തിന്റെ കാട്ടുനീതിയെ നിശിതമായി അപലപിക്കുകയാണ് കവി ഈ വരികളിലൂടെ.
അല്ലെങ്കിൽ
B) പരീക്ഷാഫലം വന്ന ദിവസം ജോസ് എഴുതാനിടയുള്ള ഡയറിക്കുറിപ്പ് എഴുതുക
Answer:
തിയ്യതി……
ഇന്ന് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അത്ഭുത നിമിഷം! കുറേ നാളുകളായി ഞാൻ നടത്തിയ പ്രയത്നത്തിനും പ്രാർത്ഥനകൾക്കും ലഭിച്ച ദിവ്യമായ മറുപടിയാണ് ഇന്നത്തെ ഈ റിസൾട്ട്, പ്രഭാതത്തിൽ ഫാദർ ഫ്രാൻസിസ് പുഞ്ചിരിയോടെ പത്രം കൈമാറി, എന്റെ നമ്പറിനു മുകളിൽ നക്ഷത്രം കണ്ട നിമിഷം ഹൃദയം നിറഞ്ഞു തുള്ളുകയായിരുന്നു.
എന്റെ ഉള്ളിലെ വേദനകളും ഏകാന്തതകളും ഒരു നിമിഷം കൊണ്ട് ഇല്ലാതായി ; ജീവിതത്തിൽ എനിക്കും ഒരു വഴിയുണ്ടെന്നുറപ്പിക്കുന്ന അത്ഭുതവിശ്വാസം ഉള്ളിൽ തെളിഞ്ഞു. ഫാദർ തുടർന്ന് പഠിപ്പിക്കാൻ വേണ്ടത് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. പീറ്ററിനോടു വാർത്ത പറഞ്ഞപ്പോൾ അവന്റെ സന്തോഷം കണ്ണുകളെ ഈറൻ അണിയിച്ചു. എന്റെ സന്തോഷം ഇരട്ടിയായി. ദൈവം എന്നെ കേട്ടു – ഇതുവരെ മറഞ്ഞു നിന്ന എന്റെ ഭാവി ഇന്ന് വെളിച്ചത്തിൽ വിരിഞ്ഞു നിൽക്കുന്ന പോലെ തോന്നുന്നു.
ഒരുപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (7 സ്കോർ വീതം) (7 × 1 = 7)
Question 12.
“നമ്പൂതിരി സമുദായത്തെ ബാധിച്ച വ്യാധിക്ക് ഒരു വിദഗ്ധനായ വൈദ്യനെപ്പോലെയാണ് വി. ടി ചികിത്സ നടത്തിയത്. ദീർഘനിദ്രയിൽ നിന്ന് സമുദായത്തെ ഉണർത്തുവാൻ ഒരു വിദ്യുൽപ്രസരംതന്നെ വേണമെന്ന് അദ്ദേഹം ഉറച്ചു. – കെ. കേളപ്പൻ
വാക്കുകൾ നിരീക്ഷിച്ച് സമത്വസുന്ദരമായ സമൂഹം’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക
Answer:
ഒരു സമൂഹത്തിലെ ജനങ്ങൾ എല്ലാവരും ഒരുപോലെ ചിന്തിക്കണമെങ്കിൽ അവർക്കിടയിൽ മാനസികമായ ഐക്യം ഉണ്ടാവണം. ഇത്തരമൊരു ഐക്യമുണ്ടാവാൻ ആദ്യം വേണ്ടത് ജനങ്ങൾക്കിടയിൽ സാമൂഹിക സമത്വവും അവസര സമത്വവും ഉണ്ടാകുക എന്നതാണ് ഇത് അത്ര എളുപ്പമല്ല.
കാരണം കാലാകാലങ്ങ ളായി വ്യത്യസ്തപാരമ്പര്യങ്ങളിൽ, വ്യത്യസ്ത സാമൂഹിക ചുറ്റുപാടുകളിൽ, വ്യത്യസ്ത ജാതിമതങ്ങളിൽ പെട്ട് കഴിയുന്നവരാണ് മനുഷ്യർ അവരിൽ ജാതീയമായും, സാമൂഹികമായും ഉന്നത ശ്രേണിയിൽ നിൽക്കുന്ന വർക്ക് പല ആനുകൂല്യങ്ങളും അനുഭവിക്കാനവസരം വന്ന് ചേരുന്നു അല്ലാത്തവർ മറ്റുളളവരുടെ കാൽക്കീഴിൽപ്പെട്ട് ഞെരിഞ്ഞ് കഴിയേണ്ടി വരുന്നു.
സ്വന്തം സമുദായത്തിലെ അലിഖിതവും, കെട്ടതുമായ വ്യവസ്ഥിതികളെ പിന്തുടരേണ്ടിവന്നാലും ആ സമുദായം പിന്നോക്കാവസ്ഥയിലേക്ക് പോകാം. ഉദാഹര ണമായി വി.ടി യുടെ സമുദായത്തിന് സംഭവിച്ചത് അതാണ് അയ്യങ്കാളിയും ശ്രീനാരായണഗുര്യവും മൊക്കെ പോരാടിയതും ഇത്തരമൊരു സാമൂഹികാവസ്ഥയെ മറികടക്കുന്നതിന് ജനങ്ങളെ സജ്ജരാക്കുന്നതിനാണ്. എവിടെ അനീതിയും, അസമത്വവും നടമാടുന്നുവോ അവിടെ അവ പരിഹരിക്കപ്പെടാനുള്ള ശ്രമങ്ങളുമുണ്ടാകും. അങ്ങനെയാണ് സാമൂഹികപരിഷ്ക്കർത്താക്കൾ ഉദയം ചെയ്യുന്നത്.
കേരളത്തിന്റെ സാമൂഹിക സാഹചര്യത്തിൽ സംഭവിച്ചതും ഇത് തന്നെയാണ്. ചാതുർവർണ്യത്തിന്റെ ബാക്കി പത്രങ്ങളായ തൊടലും തീണ്ടലും അയിത്തവുമൊക്കെ കേരളീയരുടെ ജീവിതത്തെ അസഹ്യമാക്കിയ പ്പോൾ അതിനെതിരെ രംഗത്ത് വന്നവരായിരുന്നു ശ്രീ നാരായണഗുരുവും,
അയ്യങ്കാളിയുമൊക്കെ വീടി ഭട്ടതിരിപ്പാടിന് നേരിടാനുണ്ടായിരുന്നത് സ്വന്തം സമുദായത്തിൽ തന്നെയുള്ള വർഗ്ഗ ശത്രുക്കളെയായിരുന്നു തന്റെ സമുദായത്തെ കാലാകാലങ്ങളായി ബാധിച്ചിരുന്ന വ്യാധിക്ക് പറ്റിയ സിദ്ധൗഷധം തന്നെ അദ്ദേഹം വായി കണ്ടെത്തി പ്രയോഗിച്ചു കാലത്തിന്റെ സന്ദേശം ഗ്രഹിക്കുകയും കാലത്തിന്റെ ചുവരെഴുത്തുകൾ ക്കുകയും ചെയ്യുന്ന ഒരു നവോത്ഥാന നായകന് മാത്രമെ ഇത്തരമൊരു പ്രവർത്തനത്തിലേർപ്പെടാൻ കഴി യൂ തന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മറ്റ് നവോത്ഥാന നായകന്മാരുടെ പ്രവർത്തനങ്ങളെ വിലയിരു ത്തുകയും രാജ്യം ‘മൊട്ടാകെയുള്ള മാറ്റങ്ങൾ (ഗ്രഹിക്കുകയും ചെയ്തിരുന്ന ആളാണ് വി.ടി.
സാമൂഹിക പ്രവർത്തകരുടെ ഇത്തരം പ്രവർത്തനങ്ങൾ നമ്മുടെ കാലഘട്ടത്തിലും തുടരേണ്ടതുണ്ട്. പുറമെ പ്രകടമല്ലെങ്കിലും അന്തർധാരയായി, അനീതിയും അസമത്വവും ജാതീയമായ ഉച്ചനീചത്വവുമെല്ലാം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അസഹിഷ്ണുതയാണ് അവയിൽ ഏറ്റവും അപകടകാരി ഒരു മതം മറ്റ് മതങ്ങളുടെ ചിന്താധാരകളെ നിഷേധിക്കുകയോ തളളിപ്പറയുകയോ ചെയ്യുന്നു.
ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം മറ്റു ള്ളവയെ നിരസിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നു. ഇത് സമൂഹത്തിൽ മാൽസര്യമുണ്ടാക്കാൻ ഇട യാക്കുന്നു. മനുഷ്യത്വത്തിന് കാര്യമായ വിലകൽപ്പിക്കപ്പെടുന്നില്ല. മാനവിക ധാർമ്മിക മൂല്യങ്ങൾ ഇടിഞ്ഞ് കേരുന്ന അവസ്ഥയാണിന്നുള്ളത്. അതിനാൽ പുതിയ സാമൂഹിക പരിഷ്ക്കാർത്തക്കൾ ഉദയം ചെയ്യേ ണ്ടിയിരിക്കുന്നു.
അല്ലെങ്കിൽ
B) എന്മനം കൊതിക്കയാം,
ചളിയിൽ സരോരുഹ
പൊൻമലരുകൾ പോലീ
പാഴിരുൾപ്പരപ്പിങ്കൽ
ആശയം, ചമൽക്കാരഭംഗി, സമകാലിക പ്രസക്തി എന്നിവ പരിഗണിച്ച് “വിഷുക്കണി’ എന്ന കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക.
Answer:
ആധുനിക മലയാളകവികളിൽ ഏറെ പ്രസിദ്ധനായ വൈലോപ്പിള്ളി ശ്രീധരമേനോന്റെ മനോഹരമായ ഒരു കവിതയാണ് വിഷുക്കണി. വിട എന്ന സമാഹാരത്തിലാണ് ഈ കവിത പ്രത്യക്ഷപ്പെട്ടിട്ടുള്ളത് കവിയുടെ സാമൂഹിക പ്രതിബദ്ധത ഏറെ പ്രകടമാകുന്ന കവിതയാണിത്.
മലയാളികളുടെ കാർഷികോത്സവമായ വിഷുവുമായി ബന്ധപ്പെട്ട ഒരു സങ്കൽപ്പമാണ് വിഷുക്കണി എന്ന കവിതയിയ്ക്കാധാരം. ഇടത്തരക്കാരായ മിക്കവരുടെയും വീടുകളിൽ പ്രത്യേക രീതിയിൽ വിഷുക്കണിയോ രുക്കാറുണ്ട്. ഓരോ വീട്ടിലെയും സാമ്പത്തിക സ്ഥിതിയും ഐശ്വര്യവും മറ്റും ഈ കണിയൊരുക്കലിൽ പ്രതിഫലിക്കാറുണ്ട്.
മധ്യവർഗ്ഗസമൂഹത്തിലെ അംഗമായിരുന്ന കവിയുടെ കുട്ടിക്കാലത്തുണ്ടായ ഒരു വിഷുക്കണി ദർശനത്തിന്റെ വിവരണത്തോടെയാണ് കവിത ആരംഭിക്കുന്നത് തന്റെ തറവാട്ടിലെ പ്രത്യേക മുറിയിൽ വിഷുക്കണിയൊരുക്കിവച്ച് അമ്മ, കുട്ടിയെ വെളുപ്പിനെ വിളിച്ചുണർത്തി കണ്ണുകൾ അടപ്പിച്ച് കണി കാണിക്കാൻ കൊണ്ടുപോകുന്നു പക്ഷേ ആകാംക്ഷയിൽ കുട്ടി അറിയാതെ കണ്ണു തുറന്ന് പോകുന്നു.
അപ്പോൾ അവൻ കാണുന്നത് അയൽപക്കത്തെ പാവപ്പെട്ടവരുടെ വീടുകളെല്ലാം ഇരുട്ടിൽ മുങ്ങികിടക്കുന്നതാണ് അവർക്ക് വിഷുവോ. വിഷുക്കണിയൊരുക്കലോ ഇല്ല. നിത്യജീവിതം മുന്നോട്ട് നയിക്കാൻ കഷ്ടപ്പെടുന്നവരാണവർ. ആഘോഷങ്ങളുടെ ഉന്മാദം അവർ അനുഭവിച്ചിട്ടില്ല.
വിഷുവിന് പ്രഭാതത്തിൽ സമ്പന്നരുടെ വീടുകളിലെത്തുന്ന അവർ, സമ്പന്നർ നീട്ടുന്ന പിച്ചക്കാശ് കൈനീട്ടം എന്ന പേരിൽ വാങ്ങി സംതൃപ്തിടയുന്നവരാണ് പടക്കം പൊട്ടിക്കലും, ആർക്കലും തിമർക്കലുമൊന്നുമില്ലാത്ത ഒരു ജനതയുടെ വേദനകളിലേക്ക് കവി പിന്നീട് ഇറങ്ങിച്ചെല്ലുന്നു ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രം അവതരിക്കുന്ന ദേവതയല്ല. ഐശ്വര്യ ദേവത എന്ന യാഥാർത്ഥ്യം.
കവി നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. വാൽക്കണ്ണാടിയും, ഓട്ടുരുളിയും, കണിവെള്ളരിക്കയും, കത്തി നിൽക്കുന്ന നെയ്ത്തിരിയുമൊന്നും ഒരിക്കലും സ്വപ്നം കാണാൻ കഴിയാത്ത ഒരു വലിയ വിഭാഗം ജനതയുടെ ആഗ്രഹങ്ങളിലേക്കും വേദനകളിലേക്കും കവി നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.
വിയർപ്പിന്റെ ഉപ്പിൽ നിന്നും, കരിമണ്ണിന്റെ കാളിമയിൽ നിന്നും ഉയിർകൊണ്ട് ഐശ്വര്യദേവതയ്ക്ക് ഒരു വിഭാഗത്തിന്റെ മാത്രം രക്ഷകയായിരിക്കാനാകില്ല കായ്കനി തൂങ്ങുന്ന കൊമ്പിൽ ഊഞ്ഞാലാടിയും, പൂന്നെ ഭ്രൂണക്കുന്ന പായയിൽ നൃത്തം ചെയ്തും കഴിയുന്ന ദേവിക്ക് ഒരു ചെറുവട്ടത്തിൽ ഒതുങ്ങിക്കൂടാൻ കഴിയുന്നതെങ്ങനെ? ചളിയിൽ നിന്നും മനോഹരമായ താമരപ്പൂവുണ്ടാകുന്നത് പോലെ ഇരുട്ടിൽ സ്ഥിതിചെയ്യുന്ന എല്ലാ വീട്ടിലും കണിയൊരുക്കി അതിൽ വിളയാടാൻ ഐശ്വര്യദേവതയ്ക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന പ്രത്യാശയോടെയാണ് കവിത അവസാനിക്കുന്നത്.
വളരെ ലളിതമായ ഭാഷയിൽ മനോഹരമായ താളത്തിൽ വേണ്ടത്ര ഒതുക്കത്തോടെ, അലങ്കാരത്തിന്റെ ചമൽക്കാരത്തോടെ രചിക്കപ്പെട്ട വിഷുക്കണിയെന്ന കവിത വ്യക്തമായ ഒരു സന്ദേശം കാഴ്ചവയ്ക്കുന്ന തൊടൊപ്പം വായനക്കാരിൽ അവിസ്മരണീയമായ അനുഭൂതികളും ഉണർത്തുന്നു. ഇന്നത്തെ കാലത്തും ഈ കവിത അഭിസംബോധന ചെയ്യുന്ന സാമൂഹിക പ്രശ്നം വളരെയേറെ പ്രസക്തമാണ്.